ഫിംഗൽ: അയർലന്റിലെ ഫിംഗലിൽ ലോകോത്തര നിലവാരത്തിലുള്ള ദേശീയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു. ഇതിനായി ക്രിക്കറ്റ് അയർലന്റ് സമർപ്പിച്ച പദ്ധതിയിൽ അടുത്ത മാസം ഫിംഗൽ കൗൺസിൽ അന്തിമ തീരുമാനം എടുക്കും. അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടി 20 മത്സരങ്ങളാകും നടക്കുക. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ ക്രിക്കറ്റ് അയർലന്റിന് സ്വന്തമായി ഒരു ഓഫീസും കൈവരും.
12,000 പേരെവരെ ഉൾക്കൊള്ളാൻ പാകത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണം. ആവശ്യത്തിന് അനുസരിച്ച് ശേഷി വർദ്ധിപ്പിക്കാനുള്ള ക്രമീകരണവും ഒരുക്കും. 4240 സ്ഥിരം കാണികൾക്ക് ഇരുന്ന് കളികാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടാകും. എട്ട് മത്സരങ്ങളാകും ഇവിടെ നടക്കുക.
ക്രിക്കറ്റ് ബൗൾ, ഹൈ പെർഫോമൻസ് സെന്റർ, അബോട്ട്സ്ടൗണിലെ സ്പോർട് അയർലന്റ് നാഷണൽ സ്പോർട്സ് ക്യാമ്പസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. സ്റ്റേഡിയത്തിൽ സജ്ജമാക്കുന്ന ഹോം ഓഫ് ഐറിഷ് സ്പോർട്സ് എന്ന സ്ഥാപനത്തിൽ ഇൻഡോർ പരിശീലനത്തിലുള്ള സൗകര്യവും ഉണ്ടാകും.
ദേശീയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽവരുന്നതോടെ ടിക്കറ്റ് വിൽപ്പന വഴിയുള്ള വരുമാന വർദ്ധനവും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 93 മില്യൺ യൂറോ ലാഭവിഹിതമാണ് ലക്ഷ്യംവയ്ക്കുന്നത്.

