കണ്ണൂർ: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിലെ താവക്കരയിലുള്ള ഹോസ്റ്റലിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ അന്തേവാസികൾ പോലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി യുവാവ് ജീപ്പിൽ ഹോസ്റ്റലിൽ എത്തി. തുടർന്ന് ഹോസ്റ്റലിന് പുറത്ത് ജീപ്പ് പാർക്ക് ചെയ്തു. ഹോസ്റ്റൽ മതിൽ ചാടുന്നത് കണ്ട ചില താമസക്കാരായ പെൺകുട്ടികൾ വാർഡനെ വിവരം അറിയിച്ചു. സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ അയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പിടികൂടി പോലീസിന് കൈമാറി. കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവും.
ഇയാളുടെ ഉദ്ദേശ്യമെന്തായിരുന്നു, കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

