തിരുവനന്തപുരം: ബിരുദം പാസാകാത്ത വിദ്യാർത്ഥിക്ക് ബിരുദാനന്തര ബിരുദ പ്രവേശനം നൽകിയതിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരിയെ സ്ഥാനത്ത് നിന്ന് നീക്കി. വൈസ് ചാൻസലർക്കെതിരെ നടപടി സ്വീകരിച്ചത് ഗവർണർ രാജേന്ദ്ര അർലേക്കറാണ്.
എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി. ബി.എഫ്.എ പരീക്ഷയിൽ പരാജയപ്പെട്ട ഒരു വിദ്യാർത്ഥിക്ക് എം.എഫ്.എ പ്രവേശനം നൽകിയതിനെ തുടർന്നാണ് നടപടി.
പരാജയപ്പെട്ട ബി.എഫ്.എ വിദ്യാർത്ഥിയെ പാസാക്കാൻ ശ്രമിച്ച സിൻഡിക്കേറ്റ് തീരുമാനം ഗവർണർ നേരത്തെ തടഞ്ഞിരുന്നു. എന്നാൽ, ഗവർണറുടെ ഉത്തരവ് നടപ്പിലാക്കാൻ വൈസ് ചാൻസലർ വിസമ്മതിച്ചതായി റിപ്പോർട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കി വിശദീകരണം സമർപ്പിക്കാൻ രാജ്ഭവൻ വൈസ് ചാൻസലറോടും പരീക്ഷാ കൺട്രോളറോടും ആവശ്യപ്പെട്ടിരുന്നു.
വൈസ് ചാൻസലർ ഈ നിർദ്ദേശവും പാലിച്ചില്ലെന്ന് റിപ്പോർട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ സംസ്കൃത വിഭാഗം മേധാവിയായിരുന്ന പ്രൊഫ. കെ കെ ഗീതാകുമാരിയെ സംസ്കൃത സർവകലാശാലയുടെ ഇടക്കാല വൈസ് ചാൻസലറായി മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് നേരത്തെ നിയമിച്ചത്.

