കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് രാജിവച്ചു. നിലവിൽ അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. ആനന്ദ ബോസ് തന്റെ രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചു . സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആനന്ദ ബോസിന്റെ രാജി.
ഗവർണർ ഡോ. സി.വി. ആനന്ദ ബോസിന്റെ രാജി വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു . “അദ്ദേഹത്തിന്റെ രാജിയുടെ കാരണം എനിക്കറിയില്ല, പക്ഷേ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അത് ആശ്ചര്യകരമാണ്” മമത പറഞ്ഞു.
“പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന്റെ രാജിയെക്കുറിച്ചുള്ള പെട്ടെന്നുള്ള വാർത്ത എന്നെ ഞെട്ടിക്കുകയും വളരെയധികം അസ്വസ്ഥയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണങ്ങൾ എന്താണെന്ന് എനിക്ക് ഇതുവരെ അറിയില്ല. എന്നിരുന്നാലും, നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി ഗവർണറെ കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മർദ്ദത്തിലാക്കിയാൽ അത്ഭുതപ്പെടാനില്ല,” എന്നും മമത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
പശ്ചിമ ബംഗാൾ ഗവർണറായി ആർ എൻ രവിയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായും , ഇക്കാര്യം തന്നോട് ആലോചിച്ചിട്ടില്ലെന്നും മമത പറഞ്ഞു .

