കൊച്ചി : മാസപ്പടി കേസിൽ പിണറായി വിജയനെതിരെ ഇഡി നൽകിയ കത്തിൽ ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുന്നു. വീണ 20.5 കോടി രൂപയുടെ ഇടപാടുകൾ നടത്തുകയും വിദേശത്തേക്ക് പണം അയയ്ക്കുകയും ചെയ്തതായി ഇഡി സമർപ്പിച്ച കത്തിൽ പറയുന്നു.
മുഹമ്മദ് റിയാസുമായുള്ള വിവാഹശേഷമാണ് ഈ ഇടപാടുകൾ നടന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ബിസിനസ്സ് തുടങ്ങുന്നതിനാണ് പണം വിദേശത്തേക്ക് അയച്ചതെന്ന് സൂചനയുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.
അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മതിയായ തെളിവുകളും ഇതിനോടകം ഇഡി നൽകിയിട്ടുണ്ട് . റിപ്പോർട്ടിന്മേൽ അഡ്വക്കേറ്റ് ജനറലും , ഡിജിപിയും ചേർന്ന് നിയമോപദേശം നൽകും.
അതേസമയം, പിണറായി വിജയനും മറ്റുള്ളവർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ജനറൽ മാനേജരുമായ പി. സുരേഷ് കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് തിങ്കളാഴ്ച മുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിക്കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
വീണയൊഴികെ മറ്റുള്ളവർക്ക് നൽകിയ തുകയെക്കുറിച്ചുള്ള വിവരങ്ങളും ഇഡി ശേഖരിക്കാൻ സാധ്യതയുണ്ട്. കൈക്കൂലി വാങ്ങുന്നതിലും ദുബായിലേക്ക് പണം കൈമാറുന്നതിലും പങ്കുണ്ടെന്ന് ഇഡി ആരോപിക്കുന്ന, വീണയുടെ ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയെയും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈസൽ, എം. നന്ദുലാൽ എന്നിവരെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ നോട്ടീസ് നൽകുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

