ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ബിജെപി നേതാവുമായ ഗൗരവ് ഭാട്ടിയ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉടൻ പിൻവലിക്കണമെന്ന് സിജെപിയ്ക്ക് നിർദേശം. കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടുമാണ് ഡൽഹി ഹൈക്കോടതി നിർദേശം. സ്ഥിരീകരണമില്ലാതെ ഒരാളെ ഈ രീതിയിൽ ആക്രമിക്കുന്നത് അന്യായമാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
പ്രതിഷേധിക്കാൻ പല വഴികളുണ്ടെന്നും വിമർശനങ്ങൾ കൂടുതൽ വ്യക്തവും മാന്യവുമായ രീതിയിൽ വേണം ഉന്നയിക്കാനെന്നും കോടതി നിരീക്ഷിച്ചു. സൗരവ് ദാസ്, അശുതോഷ് രങ്ക, അഭിജിത് ദിപ്കെ എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ ഭാട്ടിയ നൽകിയ 2 കോടി രൂപയുടെ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് തുഷാർ റാവു ഗെഡേല ഈ നിരീക്ഷണങ്ങൾ നടത്തിയത്. ‘എഎൻഐ’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഭാട്ടിയ നേരിട്ടാണ് കോടതിയിൽ ഹാജരായത്.
വാദം കേൾക്കുന്നതിനിടെ, അഭിജിത് ദിപ്കെയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് കോടതി ചോദിക്കുകയും അദ്ദേഹം എന്താണ് പോസ്റ്റ് ചെയ്തതെന്ന് ആരായുകയും ചെയ്തു. തർക്കവിഷയമായ ഒരു ട്വീറ്റ് പോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, കേസ് പ്രധാനമായും സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്കെതിരാണെന്നും ദിപ്കെയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.അദ്ദേഹത്തിനെതിരെ കാര്യമായൊന്നും ഉള്ളതായി കാണുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, ദിപ്കെയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന സൂചനയും നൽകി.
വിവാദ പോസ്റ്റുകൾ സ്വമേധയാ നീക്കം ചെയ്യാൻ തയ്യാറാണോ എന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ തേടാൻ മറ്റ് പ്രതികളുടെ അഭിഭാഷകരോടും കോടതി ആവശ്യപ്പെട്ടു. “പ്രതിഷേധിക്കാൻ പല വഴികളുണ്ട്. നിങ്ങളെല്ലാം ചെറുപ്പക്കാരാണ്. നിങ്ങൾക്ക് ആശങ്കകളുണ്ടാകാം. എന്നാൽ വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിൽ ആക്രമിക്കുന്നത് ശരിയല്ല,” കോടതി നിരീക്ഷിച്ചു.
ഈ വിഷയം കൈകാര്യം ചെയ്യാൻ മറ്റ് വഴികളുണ്ടെന്നും, കോടതിയെ സമീപിക്കുന്നതിന് മുൻപ് പ്രതികളെ നേരിട്ട് സമീപിക്കാമായിരുന്നുവെന്നും ജഡ്ജി ഭാട്ടിയയോട് പറഞ്ഞു. ഗുരുതരമായ മാനനഷ്ടമാണ് കേസിനാസ്പദമായതെന്ന് ഭാട്ടിയ വാദിച്ചു. പ്രതികൾക്ക് ധാരാളം ഫോളോവേഴ്സ് ഉള്ളതിനാൽ വിവാദ പോസ്റ്റുകൾ ഓൺലൈനിൽ തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആ പോസ്റ്റുകൾ തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും, ഉള്ളടക്കം നീക്കം ചെയ്യാൻ പ്രതികൾക്ക് അവസരം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

