ന്യൂഡൽഹി : 1993-ലെ മുംബൈ സ്ഫോടന കേസ് പ്രതിയും, അധോലോക നായകനുമായ അബു സലീമിനെ മോചിപ്പിക്കില്ലെന്ന് സുപ്രീം കോടതി . അബു സലീമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ മോചിപ്പിക്കണമെന്നാണ് അബു സലീം ആവശ്യപ്പെട്ടിരുന്നത്.
1993-ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ അനുഭവിക്കുന്ന സലീമിനെ, നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2005 നവംബർ 11-നാണ് പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. സലീമിന് വധശിക്ഷ നൽകാനോ തടവുകാലം 25 വർഷത്തിൽ അധികരിക്കാനോ പാടില്ലെന്ന് ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള കൈമാറ്റ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു.
ഉടനടി മോചനം വേണമെന്ന സലീമിൻ്റെ ആവശ്യം ‘അകാലത്തിലുള്ളതും’ ‘തെറ്റായതുമാണെന്ന് വിലയിരുത്തി ബോംബെ ഹൈക്കോടതി ഏപ്രിലിൽ പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ശരിവച്ചത്. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.1993 മാർച്ച് 12-ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ തനിക്ക് വിധിച്ച 25 വർഷത്തെ ശിക്ഷ ഇതിനകം പൂർത്തിയാക്കിയെന്നും, അതിനാൽ 10 മാസത്തിലേറെയായി താൻ ‘നിയമവിരുദ്ധമായ തടവിലാണെന്നും’ അവകാശപ്പെട്ട് സലീം ഫെബ്രുവരിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കാൻ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

