തിരുവനന്തപുരം ; 2011 ൽ വി എസ് സർക്കാരിന് തുടർഭരണം ലഭിക്കാതിരിക്കാൻ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. വിഎസ് അച്യുതാനന്ദന്റെ അനുയായിയും, ഐ എ എസ് ഓഫീസറുമായിരുന്ന കെ സുരേഷ് കുമാറിന്റേതാണ് വെളിപ്പെടുത്തൽ.
വി എസ് സർക്കാർ വീണ്ടും ഭരണത്തിൽ വരാതിരിക്കാൻ 13 മണ്ഡലങ്ങളിൽ തോല്പിക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥാനാർത്ഥികളെ പിണറായി നിർത്തിയെന്നും, ഇക്കാര്യം വി എസ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നുണ്ട്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വി എസ് നിയോഗിച്ച ദൗത്യസംഘത്തിൽ അംഗമായിരുന്ന സുരേഷിന്റെ ‘ വി എസിനൊപ്പം എന്റെ ദിനങ്ങൾ ‘ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
സിപിഐയുടെ നേതൃത്വത്തിൽ വൻ പണപ്പിരിവ് നടക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് വി എസ് മൂന്നാർ തിരിച്ചു പിടിക്കാൻ ഇറങ്ങിയത്. കയ്യേറ്റം നിരീക്ഷിക്കാൻ മന്ത്രിസഭയിലെ ബിനോയ് വിശ്വം, കെ പി രാജേന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും അവർ കൃത്യമായി പ്രവർത്തിച്ചില്ല. മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിനു മുൻപിലെ സ്ലാബ് പൊളിക്കാൻ മണ്ണ് മാന്തിയുമായി എത്തുമ്പോൾ അത് സിപിഐ ഓഫീസാണെന്ന് പറഞ്ഞിരുന്നില്ല . ദൗത്യത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും, സിപിഐയും ചേർന്ന് വിഎസിനെ വരിഞ്ഞു മുറുക്കി.
മൂന്നാർ ടൂറിസ്റ്റ് ഹോം എന്ന ഹോട്ടലിനു മുൻപിലെ സ്ലാബ് പൊളിക്കാൻ മണ്ണുമാന്തിയെത്തുമ്പോൾ അതു സിപിഐ ഓഫിസാണെന്നു പറഞ്ഞിരുന്നില്ല. ദൗത്യത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോൾ സിപിഎമ്മും സിപിഐയും വിഎസിനെ വരിഞ്ഞുമുറുക്കി.
താൻ ലോട്ടറി ഡയറക്ടറായിരിക്കെ എറണാകുളത്ത് അടച്ചു പൂട്ടിയ 25 ഓൺലൈൻ ലോട്ടറി ടെർമിനലുകൾ വിഎസിന്റെ മകൻ അരുൺകുമാറിന്റെ ഭാര്യപിതാവിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും വി എസ് ഓൺലൈൻ ലോട്ടറികൾക്കെതിരെയുള്ള പോരാട്ടം തുടർന്നു.
ലോട്ടറിക്കാരുടെ കോടികളുടെ വിൽപ്പന നികുതി വെട്ടിപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യത്തിൽ തന്റെ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക്ക് മനപൂർവ്വം വീഴ്ച്ച വരുത്തിയെന്ന് വിഎസ് പറഞ്ഞുവെന്നും സുരേഷ് കുമാർ പുസ്തകത്തിൽ പറയുന്നു.
കോൺഗ്രസ് നേതാവ് കെ.സുധാകരൻ, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്കു നൽകി ഇന്നു തിരുവനന്തപുരത്തു പുസ്തകം പ്രകാശനം ചെയ്യും.

