ന്യൂഡൽഹി : ഡൽഹിയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണ നടപടികളുടെ ഭാഗമായി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ഭാര്യ ക്യോകോ എസ്. ജയശങ്കറിനും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നോട്ടീസ് . ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ സുന്ദർ ബാഗ് പോളിംഗ് ഏരിയയിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇവരുടെ പേരുകൾ ‘അൺമാപ്പ്ഡ് വിത്ത് ലാസ്റ്റ് SIR’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻകാല റിവിഷൻ സമയത്തെ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി നിലവിലെ വോട്ടർ വിവരങ്ങൾ ബന്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളെയാണ് ഈ വിഭാഗം സൂചിപ്പിക്കുന്നത്. 2002-ലെ രേഖകൾ ഉൾപ്പെടെയുള്ള മുൻകാല റിവിഷൻ രേഖകളെ അടിസ്ഥാനമാക്കിയാണ് ഡൽഹിയിൽ വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികൾ പുരോഗമിക്കുന്നത്.
പരിശോധനാ നടപടികൾക്കിടയിൽ മറ്റ് പ്രമുഖ വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സമാനമായ നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടർ പ്രവീൺ സൂദ്, ഭാര്യ വനിത സൂദ്, മാതാവ് കമലേഷ് സൂദ് എന്നിവർക്കും ഇതേ ‘അൺമാപ്പ്ഡ് വിത്ത് ലാസ്റ്റ് SIR’ വിഭാഗത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്കും ഭാര്യ സുനിത ദ്വിവേദിക്കും ഈ വിഭാഗത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജയശങ്കർ ദമ്പതികളെപ്പോലെ ഇവരും ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തവരാണ്.
സിപിഎം എംപി ജോൺ ബ്രിട്ടാസിൻ്റെ കുടുംബത്തിന് ലഭിച്ച നോട്ടീസുകളിൽ വ്യത്യസ്തമായ പൊരുത്തക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ ഷീബ ബ്രിട്ടാസിൻ്റെ കാര്യത്തിൽ പേരുമായി ബന്ധപ്പെട്ട പൊരുത്തക്കേട്’ ആണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം, മകൻ ആനന്ദ് ബ്രിട്ടാസിന് ‘മാതാപിതാക്കളുടെ പേരുമായി ബന്ധപ്പെട്ട പൊരുത്തക്കേട്’ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് ലഭിച്ചത്.
ആനന്ദിൻ്റെ രേഖകളിലെ ഈ പൊരുത്തക്കേട്, അദ്ദേഹത്തിൻ്റെ അമ്മയുടെ വോട്ടർ വിവരങ്ങളിലുള്ള പ്രശ്നവുമായി ബന്ധപ്പെട്ടതാകാമാമെന്നാണ് സൂചന. ഷീബയും ആനന്ദും ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തവരാണ്.
നോട്ടീസ് ലഭിച്ചവരുടെ പട്ടികയിൽ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ മകൾ പ്രതിഭ അദ്വാനിയും ഈ നടപടിക്രമങ്ങളുടെ ഭാഗമായിട്ടുണ്ട്.
ഇത്തരം നോട്ടീസുകൾ ലഭിക്കുന്ന വോട്ടർമാർ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് മറുപടി നൽകുകയും, തങ്ങളുടെ വോട്ടർ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനോ തിരുത്തുന്നതിനോ ആവശ്യമായ രേഖകളോ വിവരങ്ങളോ സമർപ്പിക്കുകയും വേണം. മുൻകാല വോട്ടർ പട്ടികയുമായി നിലവിലെ വിവരങ്ങൾ ബന്ധിപ്പിക്കാൻ കഴിയാത്തവർക്കും, വിവരങ്ങൾ പരിശോധിക്കുന്നതിനിടെ പൊരുത്തക്കേടുകൾ കണ്ടെത്തിയവർക്കും ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസുകൾ അയക്കുന്നുണ്ട്.

