കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. കോൺക്രീറ്റിൽ തലയടിച്ച് വീണാണ് തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിന് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് സാരമായി പരിക്കേറ്റ എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമ തോമസ്, താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് ഉമ തോമസ് എത്തിയത്. തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.