കാസർകോട് : കോഴിക്കോട്ടെ ജ്വല്ലറിയിൽ നിന്ന് 150 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഒളിവിൽ പോയ മുംബൈ സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ .ജോഗേശ്വരിയിലെ സമർത്ത് നഗറിൽ നിന്നുള്ള ശ്രദ്ധ രമേശ് എന്ന ഫിർദ്ധ (37), വഡാലയിലെ രഞ്ജുഗന്ധ് നഗറിൽ നിന്നുള്ള സൽമ ഖാദർ ഖാൻ (42) എന്നിവരാണ് കാഞ്ഞങ്ങാട് പോലീസിന്റെ പിടിയിലായത് .
ചെറുവണ്ണൂരിലെ ജ്വല്ലറി ഉടമയായ സുരേഷ് ബാബുവാണ് മോഷണക്കുറ്റം ആരോപിച്ച് ഇവർക്കെതിരെ പരാതി നൽകിയത് . തുടർന്ന് കോഴിക്കോട് നല്ലളം പോലീസ് ഇവർക്കായി അന്വേഷണം നടത്തുകയായിരുന്നു . തന്റെ ജീവനക്കാരനായ ഹനീഫയെ ശ്രദ്ധയ്ക്ക് അറിയാമായിരുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു.
മാർച്ച് 13 നാണ് , ശ്രദ്ധയും സൽമയും മുംബൈയിൽ തുറക്കാൻ ഉദ്ദേശിക്കുന്ന കടയുടെ ആഭരണ ഡിസൈനുകൾ പരിശോധിക്കാനെന്ന വ്യാജേന ട്രെയിനിൽ കോഴിക്കോട് എത്തിയത്. ഉച്ചയ്ക്ക് 1 മണിയോടെ, ഡിസൈനുകൾ കാണിക്കാൻ ഹനീഫ അവരെ ചെറുവണ്ണൂരിലെ റഹിമാൻ ബസാറിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ഹനീഫ വാഷ്റൂമിൽ പോയ സമയത്ത് ആഭരണ പാക്കറ്റുകളുമായി യുവതികൾ രക്ഷപെടുകയായിരുന്നു.
തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത് . അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് രജിസ്ട്രേഷനുള്ള ഒരു ടാക്സി ചെക്ക്പോസ്റ്റ് കടന്ന് കാഞ്ഞങ്ങാട്ടെ വാണിജ്യ മേഖലയിലൂടെ തീരദേശ ഹൈവേയിലേക്ക് പോകുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി . പോലീസ് സംഘം പുതിയകോട്ടയിൽ വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.വനിതാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആറ് ആഭരണ പാക്കറ്റുകളും കണ്ടെടുത്തു.