തളിപ്പറമ്പ് : പയ്യന്നൂരിൽ പോലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും പിഴയും ശിക്ഷ . അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ കൗൺസിലറും കാരമേൽ സ്വദേശിയുമായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ഡിവൈഎഫ്ഐ നേതാവും വെള്ളൂരിലെ സഹകരണ ബാങ്ക് ജീവനക്കാരനുമായ ടി.സി. വിനോദ് കുമാർ (35) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
മറ്റ് രണ്ട് പ്രതികളായ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെവിട്ടു. 2012 ഓഗസ്റ്റ് 1 നാണ് സംഭവം നടന്നത്. അരിയിൽ ഷുക്കൂർ കൊലപാതകക്കേസിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പയ്യന്നൂർ ടൗണിൽ ആക്രമണം നടന്നത്.
പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റ് മൂന്ന് പേരും ബൈക്കിൽ എത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. പോലീസ് പിന്തുടര്ന്നപ്പോൾ, അന്നത്തെ പയ്യന്നൂർ എസ്ഐ കെ.പി. രാമകൃഷ്ണനും സംഘവും സഞ്ചരിച്ചിരുന്ന പോലീസ് വാഹനത്തിന് നേരെ ബോംബ് എറിഞ്ഞ് അവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
അന്ന് എസ്എഫ്ഐ നേതാവായിരുന്ന നിഷാദ് ആണ് ബോംബ് എറിഞ്ഞതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ ദുരന്തം ഒഴിവായി . കൊലപാതകശ്രമം, സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ, സ്ഫോടകവസ്തു ഉപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

