തിരുവനന്തപുരം: മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ . യു ഡി എഫ് ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയും ഉചിതമായ മദ്യനയം കൊണ്ടുവരികയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ കൊണ്ടുവരുന്നതിന് മുമ്പ് യു ഡി എഫ് ഇത് ചർച്ച ചെയ്യണമായിരുന്നു. നേരത്തെ ഒരു ചർച്ച നടന്നിരുന്നെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന എല്ലാ വിവാദങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുക. മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം നടത്തുക. മദ്യപാനം മൂലം സമൂഹത്തിനുണ്ടാകുന്ന ദുരന്തത്തിന് അറുതി വരുത്തുക എന്നതായിരിക്കണം ലക്ഷ്യം. മദ്യത്തിന്റെ വ്യാപനം മൂലം കേരളത്തിൽ അടുത്തിടെ വളരെ മോശം അന്തരീക്ഷമാണ് ഉണ്ടായിരുന്നത്.
പിണറായി വിജയന്റെ ഭരണകാലത്ത് മദ്യ വിതരണം ശക്തിപ്പെടുത്തി. കേരളത്തിൽ വെറും 29 മാത്രമായിരുന്ന ബാറുകളുടെ എണ്ണം ആയിരം കവിഞ്ഞു. പുതുതായി എത്ര ബാറുകൾ അനുവദിക്കുന്നുവെന്ന് കണക്കുകൾ പുറത്തുവിട്ടിട്ടില്ല. അതിനാൽ, വിശദമായ ചർച്ചയ്ക്കും നയരൂപീകരണത്തിനും ശേഷം, ഏതെങ്കിലും സാഹചര്യത്തിൽ മദ്യവിതരണത്തിന്റെ സാധ്യതയെക്കുറിച്ച് ഒരു ചർച്ച നടന്നിരുന്നെങ്കിൽ, ഈ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല,’ വി എം സുധീരൻ പറഞ്ഞു.

