ന്യൂഡൽഹി : മുത്തലാഖുമായി ബന്ധപ്പെട്ട് കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. 2019 മുതൽ ഉള്ളതാണിവ . ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണ് .
കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് ആണ് കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദശാംശങ്ങൾ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമത്തിന്റെ സെക്ഷൻ 3,4 ആക്ട് പ്രകാരം 2019 ൽ കേരളത്തിൽ 25 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും , 22 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചുട്ടുണ്ടെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2020 ൽ എഫ്.ഐ.ആറുകളുടെ എണ്ണം 38 ആയി , 33 കേസുകളിൽ കുറ്റപത്രം ഫയൽ ചെയ്തു. 2021ൽ 43 എഫ്.ഐ.ആറുകളും, 41 കേസുകളിൽ കുറ്റപത്രവും ഫയൽ ചെയ്തു.
2025 ൽ 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 18 എണ്ണത്തിൽ കുറ്റപത്രം ഫയൽ ചെയ്തു. മൂന്ന് എണ്ണത്തിൽ അന്വേഷണം തുടരുകയാണ്. 2026 ജൂൺ വരെ 9 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ അഞ്ച് എണ്ണത്തിൽ കുറ്റപത്രം ഫയൽ ചെയ്തു. നാല് എണ്ണത്തിൽ അന്വേഷണം തുടരുകയാണ്. അഖിലേന്ത്യാ തലത്തിൽ 2019 നും 2026 നും ഇടയിൽ 20686 കേസുകൾ ആണ് രജിസ്റ്റർ ചെയ്തത്.

