കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയായ സ്കൂൾ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിടുന്നതിനായി വടകര പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആക്രമണം . ഭർത്താവ് ജിനീഷാണ് കീർത്തനയെ ആക്രമിച്ചത്. ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റേഷന് സമീപം നിന്നിരുന്ന ജിനീഷ് കീർത്തനയെ കണ്ടയുടൻ അടുത്തേക്ക് ഓടിയെത്തി കുത്തുകയായിരുന്നു. ജിനീഷിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴുത്തിലുൾപ്പെടെ അഞ്ചിലധികം തവണ കീർത്തനയ്ക്ക് കുത്തേറ്റതായാണ് വിവരം.
ജിനീഷ്-കീർത്തന ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും, ഈ സമയത്താണ് കീർത്തന എംഡിഎംഎ കേസിൽ അറസ്റ്റിലായതെന്നും റിപ്പോർട്ടുകളുണ്ട്. പേരാമ്പ്ര ബിആർസിയിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു കീർത്തന. എംഡിഎംഎ വിൽപ്പനക്കാരും വാങ്ങുന്നവരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിച്ചിരുന്നത് കീർത്തനായായിരുന്നു.
അറസ്റ്റിനെത്തുടർന്ന് കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. താൻ നിരപരാധിയാണെന്ന് അറസ്റ്റിന് ശേഷം കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

