തിരുവനന്തപുരം: പതിനാറാം കേരള നിയമസഭ സ്പീക്കറായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേറ്റു. കോട്ടയം എംഎൽഎയാണ് അദ്ദേഹം . തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 101 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എ സി മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് മൂന്ന് വോട്ടുകൾ ലഭിച്ചു. ആകെ 139 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. പ്രോ-ടെം സ്പീക്കർ ജി സുധാകരന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് പ്രക്രിയയും ഫലപ്രഖ്യാപനവും നടന്നത്.
മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് കൊണ്ടുപോയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് രാഷ്ട്രീയ മുന്നണികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത . തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച് നാല് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിരുന്നു.
ബാലറ്റ് പേപ്പറിലൂടെയാണ് വോട്ടെടുപ്പ് നടന്നത് . അർപ്പണബോധത്തോടെ സംസാരിക്കുന്ന വ്യക്തിയാണ് തിരുവഞ്ചൂരെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. ഉന്നത ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്നയാളാണ് തിരുവഞ്ചൂരെന്നും, പ്രതിപക്ഷശബ്ദവും അംഗീകരിക്കുമെന്ന് കരുതുന്നുവെന്നുമാണ് പിണറായി വിജയന്റെ അഭിനന്ദനം. സഭയിൽ താൻ നിഷ്പക്ഷനായിരിക്കുമെന്നും, അരാഷ്ട്രീയവാദിയാകില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.

