തിരുവനന്തപുരം: ശബരിമല കൊടിമരം സ്ഥാപിച്ചതിലെ സാമ്പത്തിക ക്രമക്കേട് കേസിൽ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് . സംഭാവന ചെയ്ത സ്വർണ്ണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് പ്രത്യേക സംഘം താരങ്ങളോട് ആരാഞ്ഞു.
തന്റെ സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സ്വർണ്ണം ദാനം ചെയ്യാൻ ആവശ്യപ്പെട്ടതായി മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി തന്റെ സുഹൃത്ത് വഴി പമ്പയിലേക്ക് അയച്ചതായും അദ്ദേഹം മൊഴി നൽകി . തിരുവനന്തപുരത്ത് വച്ചാണ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത് . കൊച്ചിയിൽ വച്ചാണ് ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപ് സംഭാവന ചെയ്ത സ്വർണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമല്ല.
കൊടിമരത്തിന്റെ നിർമ്മാണത്തിനായി സ്വർണം സംഭാവന ചെയ്ത സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ എന്നിവരുടെ മൊഴി സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും സംഘം രേഖപ്പെടുത്തിയിരുന്നു. സ്വർണം സംഭാവന ചെയ്ത 27 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തുന്നുണ്ട്. സ്വർണം സംഭാവന ചെയ്ത 22 പേരുടെ മൊഴി ഇതുവരെ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ കൊടിമരത്തിന്റെ നിർമ്മാണത്തിനായി സ്വർണം സ്വീകരിക്കുന്നതിൽ ഗുരുതരമായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി ദേവസ്വം വിജിലൻസ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവരുടെ ദൃശ്യങ്ങൾ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
ഇതിൽ സുരേഷ് ഗോപി വിശദീകരണം നൽകിയിരുന്നു. കൊടിമരത്തിന് മുകളിൽ വാജി വാഹനത്തിൽ സ്വർണ്ണ പാളികൾ പതിച്ചത് താനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മകൻ ഗോകുൽ സുരേഷ്, സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ എന്നിവർ ചേർന്ന് അഷ്ടദിക്പാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പതിപ്പിച്ചതായും അദ്ദേഹം അദ്ദേഹം പറഞ്ഞിരുന്നു .

