തിരുവനന്തപുരം: ശബരിമലയിലെ സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമേ ഇനി മുതൽ സ്പോൺസർഷിപ്പ് നൽകൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് . കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും തന്റെ കാലാവധി ഉൾപ്പെടെ എല്ലാം അന്വേഷിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു പി.എസ്. പ്രശാന്ത് .
‘ഇതൊരു അനുഭവമാണ്; ഇതിൽ നിന്ന് ഒരു പാഠം പഠിക്കണം. ഇനി മുതൽ വിജിലൻസിനെ ഉൾപ്പെടുത്തി സ്പോൺസർമാരുടെ പശ്ചാത്തലം അന്വേഷിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക. അന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമാകും,’ പ്രശാന്ത് പറഞ്ഞു. കുറ്റകൃത്യം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്നാണ് ബോർഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ രംഗത്തെത്തി. ഒന്നര കിലോഗ്രാം സ്വർണ്ണം ഒമ്പത് പവനായി കുറഞ്ഞാൽ തിരുവാഭരണം കമ്മീഷണറെ ഉത്തരവാദിത്തപ്പെടുത്തണമെന്നും ശബരിമലയിൽ ഇനിയും പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയ് മല്യ ഏൽപ്പിച്ച തൊഴിലാളികളിലും പത്മകുമാർ സംശയം പ്രകടിപ്പിച്ചു. സ്വർണ്ണപ്പാളി വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

