കണ്ണൂർ : അതീവ സുരക്ഷാ ജയിലിൽ നിന്ന് ആരുടെയും സഹായമില്ലാതെ ഗോവിന്ദച്ചാമി എങ്ങനെ രക്ഷപ്പെട്ടുവെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ . ആരുടെയും സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടുന്നത് എളുപ്പമല്ലെന്നും അവർ പറഞ്ഞു.
‘ഒരു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ആളാണ് അയാൾ. അയാളെ വെറുതെ വിടരുത്. ഇത് കേട്ടതിനുശേഷം എനിക്ക് ശരീരം വിറയ്ക്കുന്നു, എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. . ആരുടെയും സഹായമില്ലാതെ ഒരു വികലാംഗന് എങ്ങനെ ജയിൽ ചാടാൻ കഴിയും, അന്ന് തൂക്കി കൊന്നെങ്കിൽ ഇന്ന് ഇത് സംഭവിക്കില്ലായിരുന്നു . എന്റെ മോളെ പോലെ എത്ര പേരാണ് ഇങ്ങനെ ചെയ്തത്. ഇയാൾ ഒരുകാലത്തും നന്നാവില്ല,‘ സൗമ്യയുടെ അമ്മ പറഞ്ഞു.
കൃത്യമായ പദ്ധതിയോടെയാണ് ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് സൂചന . അടുത്തിടെ ഗോവിന്ദച്ചാമിയെ ജയിലിൽ കാണാൻ വന്ന ചിലരെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ആരെങ്കിലും ഗോവിന്ദച്ചാമിയെ സഹായിച്ചിട്ടുണ്ടോ എന്നും ജയിൽ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
അതേസമയം ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപെട്ട സംഭവത്തിൽ സുരക്ഷാപിഴവ് ആരോപിച്ച് നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ . ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്കും, മൂന്ന് അസി. പ്രിസൺ ഓഫീസർമാർക്കുമാണ് സസ്പെൻഷൻ..വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കണ്ണൂർ നഗരത്തിന് പുറത്തും, കോഴിക്കോടും, ഇയാളെ കണ്ടെത്താൻ തിരച്ചിൽ നടത്തി. ട്രെയിനിൽനിന്ന് സൗമ്യ എന്ന പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി തമിഴ്നാട്ടിലെ വിരുദാചലം സ്വദേശിയാണ്. ചാർലി തോമസ് എന്ന ഗോവിന്ദചാമി മോഷണം ഉൾപ്പെടെ തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണ്.

