ശബരിമല : പ്രത്യേക അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ പരിശോധന സന്നിധാനത്ത്.ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നുള്‍പ്പെടെ സാമ്പിള്‍ ശേഖരിച്ചു.നട തുറന്നതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ശ്രീകോവിലിന് സമീപം എത്തുകയായിരുന്നു. പരിശോധന നാളെയും തുടരും.
സാമ്പിള്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയച്ച് പരിശോധിക്കും. കൂടുതല്‍ ആഴത്തിലുളള പരിശോധന ഇതിലൂടെ സാധ്യമാകും. എത്ര അളവില്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്നതും കൂടുതല്‍ വ്യക്തമായി അറിയാനാകും.
അതിനിടെ,ശബരിമലയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്ത ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നെന്നാണ് കണ്ടെത്തല്‍. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്ത മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണം.മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതിനിടെ, കട്ടിളപാളി കേസില്‍ കസ്റ്റഡി കാലാവധി 90 ദിവസം പൂര്‍ത്തിയായതോടെ കെ എസ് ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.എന്നാല്‍ ദ്വാരപാലക പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ജയില്‍ തുടരേണ്ടിവരും.അതേസമയം,സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ഇ ഡി സമന്‍സ് അയച്ചു. ഇന്നലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെയും ചോദ്യം ചെയ്യും.

