കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടി. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ഉത്തരവിട്ടു. ബി അശോകിന്റെ സ്ഥലംമാറ്റം ഉൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകളും സിഎടി റദ്ദാക്കി.
ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ അല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവന സാഹചര്യങ്ങളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ ഇടപെടുന്നത് തടയാനാണ് ഉത്തരവെന്ന് സിഎടി പറയുന്നു. വിധി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തസ്തികകളിൽ കാര്യമായ പുനഃസംഘടന നടത്തേണ്ടിവരും.
എക്സൈസ് കമ്മീഷണർ തസ്തിക ഐഎഎസ് കേഡർ തസ്തികയാണെന്നും അവരെ മാത്രമേ അവിടെ നിയമിക്കാൻ കഴിയൂ എന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഇത് നിലവിലെ എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന് വലിയ തിരിച്ചടിയാകും. അജിത് കുമാറിനെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരും. കില, ഐഎംജി ഡയറക്ടർ തസ്തികകളും ഐഎഎസ് കേഡർ തസ്തികകളാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രൈബ്യൂണൽ ഓർമ്മിപ്പിച്ചു.

