ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി ലിസ്റ്റ് ചെയ്യാൻ തുടങ്ങി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2019-ലാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. ആറ് വർഷത്തിന് ശേഷം കേസ് ഇപ്പോൾ വീണ്ടും പരിഗണിക്കുകയാണ്. ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് കേസ് എപ്പോൾ കേൾക്കാൻ തുടങ്ങുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിക്കും.
2019-ൽ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത് . അന്നുണ്ടായിരുന്ന ജഡ്ജിമാരിൽ നിലവിലുള്ള ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹർജികൾ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹർജികൾ പരിഗണിക്കുമ്പോൾ കേരള സർക്കാർ നിലപാട് വ്യക്തമാക്കേണ്ടിവരും. നേരത്തെ, സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു.
2018 സെപ്റ്റംബർ 28 ന് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പിന്നീട്, വിഷയം പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഹർജികൾ വലിയ ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടു. ഭക്തനായ എസ്. മഹേന്ദ്രന്റെ 1990 ലെ കത്ത് കേരള ഹൈക്കോടതി പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) ആയി പരിഗണിച്ചതോടെയാണ് ശബരിമല ക്ഷേത്രത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള നിയമപോരാട്ടം ആരംഭിച്ചത്.

