പത്തനംതിട്ട ; കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു . ആയിരങ്ങളാണ് ഭസ്മാഭിഷ്ക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് .നട തുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
കുംഭമാസം ഒന്നാം തീയതിയായ ഇന്ന് രാവിലെ 5 മണിക്ക് നട തുറന്നു. മാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 ന് നട അടയ്ക്കും.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് നിർമ്മാണ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പുതിയ സംവിധാനം വരുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ‘ശബരിമല വികസന അതോറിറ്റി’ രൂപീകരിക്കുന്നത് സംബന്ധിച്ച് സര്ക്കാര് പരിശോധിച്ച് വരികയാണന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും, ദേവസ്വം മന്ത്രി വൈസ് ചെയർമാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാകും സമിതി രൂപീകരിക്കുക.

