കോഴിക്കോട്: ഓണം ഡിസ്കൗണ്ട് വിൽപ്പന കലാശിച്ചത് വൻ ദുരന്തത്തിൽ . ഏതെടുത്താലും 99 രൂപയെന്ന പേരിൽ ഡിസ്കൗണ്ട് നൽകിയതാണ് ദുരന്തത്തിനിടയാക്കിയത് . കോഴിക്കോട് നാദാപുരത്തെ കസ്തൂരിക്കുളത്തിനടുത്തുള്ള ‘ബ്ലാക്ക്’ എന്ന കടയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
99 രൂപയ്ക്ക് ഇഷ്ടമുള്ള ഏത് വസ്ത്രവും നൽകുമെന്ന് വാഗ്ദാനം ചെയ്ത് കട ഇന്ന് രാവിലെ ഓഫർ പ്രഖ്യാപിച്ചു. ഇതറിഞ്ഞതോടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ വലിയ ജനക്കൂട്ടം സ്ഥലത്തെത്തി. അൽപ്പസമയത്തിനുള്ളിൽ കട ജനസാഗരമായി . . ഒരു ഘട്ടത്തിൽ, ജനക്കൂട്ടം നിയന്ത്രണാതീതമായി, ഗ്ലാസ് അടക്കം തകർത്ത് കടയിലേക്ക് ഇരച്ചുകയറി.
തകർന്ന ഗ്ലാസ് കഷ്ണങ്ങൾ കാലിൽ കുത്തിക്കയറി പലരും തറയിൽ വീണു. ഇരച്ചെത്തിയ ജനക്കൂട്ടം താഴെ വീണു കിടക്കുന്നവരുടെ പുറത്ത് ചവിട്ടിയാണ് കടന്ന് പോയത് . ഗുരുതരാവസ്ഥയിലായവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 10ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പിന്നീട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തെത്തുടർന്ന് പോലീസ് കട അടച്ചുപൂട്ടി. ഇത്രയും തിരക്ക് പ്രവചിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കാത്തതിന് കട ഉടമകളെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തേക്കും . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

