തിരുവനന്തപുരം : നേമത്തിന്റെ ജനപ്രതിനിധിയായും, ബിജെപി അധ്യക്ഷനായും കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നയങ്ങൾ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ. ‘ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും കഴിവുകളെ അംഗീകരിക്കുകയും, വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുകയും ചെയ്യുന്നൊരു കേരളമാണ് നമ്മുടെ യുവാക്കൾക്ക് വേണ്ടത്. അവരത് അർഹിക്കുന്നുണ്ട്.‘ എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം നയങ്ങൾ പങ്ക് വച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും എളുപ്പത്തിൽ ആരംഭിക്കാനും , മുന്നേറാനും കഴിയുന്ന വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക, 14 ജില്ലകളിലും ടെക് ഹബുകൾ സ്ഥാപിക്കുക, ആഗോള നിലവാരത്തിലുള്ള സ്കില്ലിംഗ് ഉറപ്പാക്കുക , ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സുതാര്യവും, നിക്ഷേപ സൗഹൃദവുമായ ഭരണ സംവിധാനം ഉറപ്പാക്കുക എന്നിവയാണ് വികസന നയങ്ങളായി രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരിക്കുന്നത് .
നേമത്തെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും സംസ്ഥാന ബജറ്റിൽ മുൻഗണന നൽകി ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ഏതൊക്കെയെന്ന് ചർച്ച ചെയ്യുന്നതിനും മണ്ഡലത്തിലെ കൗൺസിലർമാരുമായി കഴിഞ്ഞ ദിവസം അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. #VikasitaNemom ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വികസനത്തിന് വേഗത കൂട്ടുക, ഒപ്പം നേമത്തിന് അർഹമായ പരിഗണന ഉറപ്പാക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

