തിരുവനന്തപുരം : തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 27ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
വടക്കന്‍ ഒഡിഷ, വടക്കു- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമാകാനാണ് സാധ്യത. മ്യാന്മാര് തീരപ്രദേശങ്ങളിലും അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി സെപ്റ്റംബര്‍ 25-ന് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും സെപ്റ്റംബര്‍ 26-ഓടെ തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്ക് സമീപമുള്ള വടക്കുപടിഞ്ഞാറന്‍, അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 27-ഓടെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

