പത്തനംതിട്ട: അവസാന നിമിഷം പത്രസമ്മേളനം നടത്തുന്നതിൽ നിന്ന് പിന്മാറി രാഹുൽ മാങ്കൂട്ടത്തിൽ . കൂടുതൽ വിശദീകരണത്തിന് താൻ മുതിരുന്നില്ലെന്നാണ് രാഹുലിന്റെ ഇപ്പോഴത്തെ നിലപാട്. നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് പത്രസമ്മേളനം റദ്ദാക്കിയതെന്നും സൂചനകളുണ്ട്.
രാഹുൽ ഒരു സ്ത്രീയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പത്രസമ്മേളനം നടത്തുന്നതായി പ്രഖ്യാപിച്ചത്. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിക്കാനായിരുന്നു പത്രസമ്മേളനമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ, മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പത്രസമ്മേളനം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ടുണ്ട്. കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ രാഹുൽ രാജിവച്ചാൽ കോൺഗ്രസിനും യുഡിഎഫിനും ക്ലീൻ ഇമേജ് ലഭിക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.
എൽഡിഎഫിലെ പ്രതിച്ഛായ നഷ്ടപ്പെട്ടവർ രാജിവച്ചിട്ടില്ലാത്തതിനാൽ രാഹുലിന്റെ രാജി പാർട്ടിക്ക് ബോണസ് മാർക്ക് നൽകുമെന്നും അവർ കണക്കാക്കുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളും രാഹുലിന്റെ രാജിയെ അനുകൂലിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഷാഫി പറമ്പിൽ എംപി പത്രസമ്മേളനത്തിൽ രാഹുലിനെ സംരക്ഷിക്കണമെന്ന നിലപാട് നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

