കൊൽക്കത്ത : ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോലീസ് നിരീക്ഷകനായി ഉത്തർപ്രദേശ് ഐപിഎസ് കേഡർ ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മയെ നിയമിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി . ആദിത്യ ദാസ് സമർപ്പിച്ച ഹർജിയിൽ, അജയ് പാൽ ശർമ്മയ്ക്ക് നിഷ്പക്ഷത ഇല്ലെന്നും, അദ്ദേഹം യുപിയിലെ എൻ കൗണ്ടർ സ്പെഷ്യലിസ്റ്റാണെന്നും പറയുന്നു.
അജയ് പാൽ ശർമ്മയുടെ പെരുമാറ്റം “നിരീക്ഷകന്റെ പ്രവർത്തനങ്ങളുടെ കടുത്ത ലംഘനമാണ്” എന്നും ഹർജിയിൽ ആരോപിക്കുന്നു . അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണമെന്നും, തിരഞ്ഞെടുപ്പ് നിരീക്ഷകർ നിഷ്പക്ഷരായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഹർജി ഇതുവരെ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ല.
ജനങ്ങളെ ഭീഷണിപ്പെടുത്തിയ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാനും, ഗുണ്ടകൾക്കും അജയ് പാൽ ശർമ്മ താക്കീത് നൽകിയതാണ് ടിഎം സിയെ ചൊടിപ്പിച്ചിരിക്കുന്നത്. ജഹാംഗീർ ഖാന്റെ ഗുണ്ടകളെ അജയ് പാൽ ശർമ്മ നേരിടുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ജഹാംഗീർ ഖാന്റെ സുരക്ഷയ്ക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് ശർമ്മ പോലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ചിരുന്നു . ശർമ്മയുടെ പെരുമാറ്റത്തിൽ ടിഎംസി ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിക്കുകയും ചെയ്തു. ശർമ്മയെക്കുറിച്ചുള്ള വ്യാജ വീഡിയോകൾ പങ്കിട്ട് ടിഎംസി നേതാക്കൾ അദ്ദേഹത്തെ പരിഹസിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചു.
ഏപ്രിൽ 28 ന് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്ന് ആരോപിച്ച് ശർമ്മയ്ക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ സമാനമായ ഒരു ഹർജി സമർപ്പിച്ചിരുന്നു . എന്നാൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

