തിരുവനന്തപുരം : ശബരിമല സ്വർണ്ണ കവർച്ച കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തന്നെ. കഴിഞ്ഞ ദിവസം ദ്വാരപാലക വിഗ്രഹ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. 90 ദിവസത്തിനുശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ, സ്വർണ്ണ വാതിൽ ചട്ടക്കൂട് കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകൂ. ദ്വാരപാലക കേസിൽ അറസ്റ്റിലായി 90 ദിവസത്തിനുശേഷവും എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്.
ശബരിമലയിലെ യഥാർഥ സ്വർണപ്പാളികൾ മാറ്റി വേറെ വച്ചതിന്റെ സൂചനകളാണ് വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം നൽകുന്നതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

