തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്രകാലം തുടരേണ്ടിവരുമെന്ന് ഉറപ്പില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് . മഴ കുറഞ്ഞതും അന്തരീക്ഷ താപനിലയിലെ വർധനവും വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉപഭോഗത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടമെടുത്ത 530 മെഗാവാട്ട് വൈദ്യുതി സെപ്റ്റംബർ 15 നകം എക്സ്ചേഞ്ച് ഡീൽ പ്രകാരം തിരികെ നൽകണമെന്ന ബാധ്യതയാണ് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുന്നത്.
മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കാലത്ത് ഒപ്പുവച്ച കരാർ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണം . യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭ്യമായിരുന്ന കരാറാണതെന്നും അദ്ദേഹം പറഞ്ഞു.
‘എക്സ്ചേഞ്ച് ഡീൽ പ്രകാരം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യത നമുക്കുണ്ട്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയും കുറഞ്ഞു. ഇത് ഭരണ പരാജയമാണെന്ന് പറയുന്നത് ശരിയല്ല. ഇടതുപക്ഷ സർക്കാരിന്റെ കാലത്തും നിയന്ത്രണങ്ങളുണ്ടായിരുന്നു. പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം രാത്രിയിൽ ഉപയോഗിക്കുന്നതിനായി സംഭരിക്കാനുള്ള പരിമിതമായ ശേഷിയാണ് മറ്റൊരു പ്രധാന വെല്ലുവിളി. ബാറ്ററി സംഭരണം വർദ്ധിപ്പിക്കുകയാണ് മറ്റൊരു മാർഗമായി മുന്നിലുള്ളതെന്നും ‘ മന്ത്രി പറഞ്ഞു.
വൈദ്യുതി മുടക്കം ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യമാണ് സംസ്ഥാനം നേരിടുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു രാജ്യവ്യാപകമായുള്ള വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

