ന്യൂഡൽഹി : കഴിഞ്ഞ 19 ദിവസമായി ജന്തർ മന്തറിൽ നിരാഹാരസമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചു. വാദം കേൾക്കുന്നതിനിടെ കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ ഹാജരായി. കഴിഞ്ഞ ദിവസം ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
സോനം വാങ്ചുക്കിന്റെ ആരോഗ്യം മോശമായ നിലയിലാണെന്നും, പേശികൾ ദുർബലമായെന്നും, അതീവ വേദന അനുഭവപ്പെടുന്നതായും ഹർജിയിൽ പറഞ്ഞിരുന്നു. ബിപി അളവ് കുറയുകയാണെന്നും ഈ നിലയിൽ സത്യാഗ്രഹം തുടർന്നാൽ അദ്ദേഹം മരണപ്പെട്ടേക്കാമെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. അവശ്യമെങ്കിൽ അദ്ദേഹത്തെ നിർബന്ധിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും , ആഹാരം നൽകണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
വാദം കേൾക്കുന്നതിനിടെ, സോനം വാങ്ചുക്കിന്റെ ആരോഗ്യ പരിശോധനകൾക്ക് നിശ്ചിത സംവിധാനമുണ്ടോ എന്ന് കോടതി ചോദിച്ചു. അദ്ദേഹത്തെ ദിവസവും പരിശോധിക്കാറുണ്ടെന്നും ആവശ്യമായ എല്ലാ ആരോഗ്യ വിവരങ്ങളും തന്നെയും അവിടെയുള്ളവരെയും അറിയിക്കാറുണ്ടെന്നും സോളിസിറ്റർ ജനറൽ മറുപടി നൽകി. വാങ്ചുക്ക് അനുമതി നൽകുമ്പോഴെല്ലാം സർക്കാർ ഡോക്ടർമാരും സ്വകാര്യ ഡോക്ടർമാരും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഡോക്ടർമാർ അദ്ദേഹത്തെ പതിവായി പരിശോധിക്കണമെന്നും, ഓരോ മനുഷ്യജീവനും വിലപ്പെട്ടതായതിനാൽ ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹർജി പരിഗണിച്ച കോടതി നിർദേശിച്ചു.
ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ അടിയന്തര ഇടപെടൽ നടത്തണം. ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണ് . അത് സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സഹായം നൽകുമെന്ന് സോളിസിറ്റർ ജനറൽ അറിയുച്ചു.

