ഡബ്ലിൻ: അയർലൻഡിൽ ഡിസ്പോസിബിൾ ബാർബിക്യൂവിന്റെ വിൽപ്പനയ്ക്ക് നിയന്ത്രണം. കാട്ടുതീ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് സ്റ്റാറ്റസ് നിലനിൽക്കുന്ന മേഖലകളിൽ ഡിസ്പോസിബിൾ ബാർബിക്യൂകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകി. നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എന്റർപ്രൈസ് വകുപ്പ് സമ്മതം നൽകിയത്. റീട്ടെയ്ൽ വ്യാപാരികൾക്ക് നിർദ്ദേശം നൽകുന്നതിനായി വകുപ്പ് റീട്ടെയ്ൽ ഫോറവുമായി ബന്ധപ്പെടും.
കില്ലാർണിയിൽ അടുത്തിടെയുണ്ടായ വലിയ കാട്ടുതീയ്ക്ക് പിന്നിൽ ഡിസ്പോസിബിൾ ബാർബിക്യൂകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ആവശ്യം ഉയർന്നവന്നത്. അടുത്ത രണ്ട് ദിവസങ്ങൾ കൂടി രാജ്യത്ത് കനത്തചൂട് തുടരുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നിരീക്ഷണം തുടരുകയാണ് അധികൃതർ.

