കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്ന് പിടികൂടിയതായി സൂചന .
ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണ സംഘം തിരച്ചിൽ വ്യാപിപ്പിച്ചത് . ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആന്ധ്രയിലെത്തിയത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ കടുത്ത പരാമർശങ്ങളും നടത്തി. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് റാമിന്റെ ജാമ്യാപേക്ഷ തള്ളിയത്.
അധ്യാപകർ വിദ്യാർത്ഥികളോട് ഇത്തരത്തിലാണോ പെരുമാറേണ്ടതെന്ന് കോടതി റാമിന്റെ അഭിഭാഷകനോട് ചോദിച്ചു.സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെടുമ്പോൾ അവരുടേ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ക്രൂരവും മനുഷ്യത്വരഹിതവുമായ സംഭവമാണെന്നാണ് കോടതി വിശേഷിപ്പിച്ചത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അധ്യാപകർ അതിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും അതിന് തെളിവുകളില്ലെന്നും റാമിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു..
ഏപ്രിൽ 10 നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായ റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.
സംസ്ഥാന ക്രൈം ബ്രാഞ്ച് എസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിലെ രണ്ട് ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം . നിതിൻ രാജിന്റെ മരണം ഡി വൈ എസ് പി സുധീർ കല്ലനും, മരണത്തിന് കാരണമെന്ന് പറയുന്ന ലോൺ ആപ്പ് ഇടപാട് ഡിവൈഎസ്പി ജീവൻ ജോർജുമാണ് അന്വേഷിക്കുന്നത്.

