കൊച്ചി: ട്രാഫിക് പൊലീസ് പിഴയടപ്പിച്ച തുകയില്‍ നിന്ന് രേഖകളില്‍ കൃത്രിമം കാട്ടി 16 ലക്ഷത്തില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അറസ്റ്റു ചെയ്തു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെ കോട്ടയം കിടങ്ങൂരിലെ ബന്ധുവീട്ടില്‍ നിന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പ് വ്യക്തമായതിനെത്തുടര്‍ന്ന് ശാന്തിയെ നേരത്തെ സസ്പെന്‍ഡു ചെയ്തിരുന്നു.
2018 മുതല്‍ 2022 വരെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ട്രാഫിക് പൊലീസ് പിഴയടപ്പിച്ച തുകയില്‍ നിന്നാണ് റൈറ്ററായിരുന്ന ശാന്തി കൃഷ്ണന് 16 ലക്ഷത്തില്‍ പരം രൂപ തട്ടിയെടുത്തത്. പിഴത്തുക അതത് ദിവസം റൈറ്ററെ ഏല്‍പ്പിക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഈടാക്കിയ തുകയെക്കാളും കുറഞ്ഞ തുക രജിസ്റ്ററുകളില്‍ എഴുതിയാണ് തട്ടിപ്പ് നടത്തിയത്. സസ്പെന്‍ഷനിലാവുമ്പോള്‍ വാഴക്കുളം പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ശാന്തി കൃഷ്ണനെ കസ്റ്റഡിയിൽ വാങ്ങാൻ ബുധനാഴ്ച അപേക്ഷ നൽകുമെന്ന് ഡിവൈഎസ്പി പറഞ്ഞു. രേഖകളിൽ കൂടുതൽ പരിശോധന തുടരുകയാണ്. തട്ടിപ്പില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷിക്കും. കേസ് വിജിലൻസിലേക്കുവിടാൻ റൂറൽ എസ്പിയോട് ശുപാർശ ചെയ്തതായും ഡിവൈഎസ്പി പറഞ്ഞു.

