പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രാജി വെറും വ്യക്തിപരമാണെന്നും താൻ യുഡിഎഫിൽ ചേരില്ലെന്നും പി കെ ശശി . രാജിക്ക് ആരുടെയും സമ്മർദ്ദമോ പ്രകോപനമോ നിർദ്ദേശമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായി ചർച്ച നടത്തിയെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു .
‘കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഞാനും തമ്മിലുള്ള ബന്ധം എന്താണ്? ഇതുവരെ സണ്ണി ജോസഫിനോട് ഞാൻ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല. എന്റെ സഖ്യമാറ്റത്തെക്കുറിച്ച് ഏതെങ്കിലും യുഡിഎഫ് നേതാവിനോട് സംസാരിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ, നിങ്ങൾ എന്നോട് ആവശ്യപ്പെടുന്ന ജോലി ഞാൻ ചെയ്യും. കെടിഡിസിയിൽ നിന്ന് ഞാൻ രാജി സമർപ്പിച്ചു. എന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഞാൻ രാജിവച്ചത് വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ്.
എന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളും മാധ്യമങ്ങളുമായി തുറന്ന് ചർച്ച ചെയ്യുന്നത് അസാധ്യമാണ്. ഞാൻ ഇപ്പോഴും സിപിഎമ്മിലെ അംഗമാണ്. ഒരു ട്രേഡ് യൂണിയൻ സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ഇതുവരെ മറ്റൊരു തീരുമാനവും ഞാൻ എടുത്തിട്ടില്ല. നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കുന്ന ഒരാളാണ് ഞാൻ. എന്റെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങൾക്ക് അത് കാണാൻ കഴിയും. യുഡിഎഫിൽ ചേരുമോ എന്ന് എന്നോട് ചോദിക്കുന്നത് മര്യാദകേടാണ്. കൊഴിഞ്ഞാമ്പാറയിലെ വിമത ഗ്രൂപ്പിനെക്കുറിച്ച് എനിക്കറിയില്ല. സുഖമില്ലാത്തതിനാൽ പാർട്ടി സെക്രട്ടറി നയിച്ച ജാഥയിൽ ഞാൻ പങ്കെടുത്തില്ല.“ എന്നും പി കെ ശശി പറഞ്ഞു.
ഇന്ന് രാവിലെയാണ് അദ്ദേഹം കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചത് . അദ്ദേഹം തന്റെ രാജിക്കത്ത് ടൂറിസം സെക്രട്ടറിക്കാണ് കൈമാറിയത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം പ്രാദേശിക നേതൃത്വവുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഷൊർണൂർ മുൻ എംഎൽഎയായ അദ്ദേഹം നിലവിൽ പാർട്ടി ബ്രാഞ്ച് അംഗമാണ്. രണ്ടുതവണ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഈ ആവശ്യം തള്ളി.

