കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. മഗ്രഹത്ത് വെസ്റ്റിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലും റീപോളിംഗ് നടക്കും. ഏപ്രിൽ 29 ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതിനെത്തുടർന്ന് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചതിനാൽ നാളെ ഈ 15 ബൂത്തുകളിൽ വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം.
ശനിയാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ വോട്ടെടുപ്പ് നടക്കും. റിട്ടേണിംഗ് ഓഫീസർമാരുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിപ്പോർട്ടുകളെത്തുടർന്ന് ഏപ്രിൽ 29 ന് ഈ ബൂത്തുകളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. റീപോളിംഗ് സംബന്ധിച്ച വിവരങ്ങൾ സർക്കുലർ വഴി അറിയിക്കണമെന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.
ഡയമണ്ട് ഹാർബറിലെ ഫാൽറ്റ മണ്ഡലത്തിലെ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളിൽ ബിജെപി, സിപിഎം സ്ഥാനാർത്ഥികളുടെ ബട്ടണുകൾ ടേപ്പ് കൊണ്ട് മറച്ചതായി ബിജെപിയും ആരോപിച്ചിരുന്നു . ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ജഹാംഗീർ ഖാനാണ് ഇതിനു പിന്നിലെന്നും ബിജെപി പരാതിപ്പെട്ടിരുന്നു. പരാതിയെത്തുടർന്ന്, ഫാൽറ്റയിലെ ചില പ്രദേശങ്ങളിൽ പോളിംഗ് താൽക്കാലികമായി നിർത്തിവച്ചു. അന്വേഷണത്തിന് ഉത്തരവിട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ, കൃത്രിമം കാണിച്ചതിന് തെളിവുകൾ കണ്ടെത്തിയാൽ റീപോളിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

