തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കെ ജയകുമാർ . കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ താൻ സ്ഥാനമൊഴിയുകയുള്ളൂവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 2027 നവംബർ വരെ താൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മന്ത്രിയുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ഞങ്ങൾ ചർച്ച നടത്തി അത് പരിഹരിക്കും. ഞാൻ രാജിവയ്ക്കേണ്ട ആവശ്യമില്ല. സർക്കാരുമായി എനിക്ക് അഭിപ്രായവ്യത്യാസമില്ല . നിലവിൽ ഞങ്ങൾ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിരക്കിലാണ്. മന്ത്രിയുടെ ഓഫീസ് ഞങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടിട്ടില്ല.
പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. നിലവിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. കാര്യങ്ങൾ സുഗമമായി നടക്കുന്നു. ശബരിമല തീർത്ഥാടനകാലം ആരംഭിക്കാൻ പോകുന്നു, നിരവധി ക്രമീകരണങ്ങൾ ചെയ്യാനുണ്ട്. മന്ത്രി ഒരു ഗാർഡിനെ ആവശ്യപ്പെട്ടാൽ, ഒരാളെ നൽകാം. അതിൽ തെറ്റൊന്നുമില്ല. അവിടെ എനിക്ക് ഒരു ഗാർഡും ഉണ്ട് ’ കെ ജയകുമാർ പറഞ്ഞു.
ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആവർത്തിച്ചുള്ള വിമർശനത്തെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭരണസമിതി അംഗങ്ങളെ രാജിവയ്ക്കാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

