ബെംഗളൂരു : കൊടും കുറ്റവാളികളടക്കം തടവിൽ കഴിയുന്ന പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ വീണ്ടും കുപ്രസിദ്ധമായ ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു.ജയിലിനുള്ളിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മെഹ്രാജ് ഖാൻ എന്ന തടവുകാരൻ ജയിലിൽ ഇരുന്ന് തന്നെ പുറത്ത് ശക്തമായ ക്രിമിനൽ ശൃംഖലയെ നയിക്കുകയും എതിരാളികളായ സംഘങ്ങൾക്കെതിരെ മാരകമായ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുകയും ചെയ്തുവെന്ന വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്.
ഇതോടെ ജയിലിന്റെ സുരക്ഷയെക്കുറിച്ചും അനധികൃത മൊബൈൽ ഫോണുകൾ തടവുകാർക്ക് എങ്ങനെ ലഭ്യമാകുന്നുവെന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡികളെക്കുറിച്ചുള്ള വിവരങ്ങൾ സെൻട്രൽ ക്രൈം ബ്രാഞ്ച് ശേഖരിച്ചുവരുന്നതിനിടെയാണ് ഈ ക്രിമിനൽ ശൃംഖലയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ റൗഡി ഷീറ്റർ സയ്യിദ് മാസ് (24) നിരവധി കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ വടിവാൾ ഉൾപ്പെടെയുള്ള അനധികൃത ആയുധങ്ങൾ കൈവശം വച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അന്വേഷണം തുടർന്നപ്പോൾ, സയ്യിദ് മാസ് എതിരാളികളായ ഗുണ്ടാസംഘാംഗങ്ങളെ മാരകമായി ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് വ്യക്തമായി . ഇതേ തുടർന്ന് ആയുധ നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയും ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സയ്യിദ് മാസിനെ ചോദ്യം ചെയ്തപ്പോഴാണ് മെഹ്രാജ് ഖാനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെഹ്രാജ് ഖാൻ നിലവിൽ പരപ്പന അഗ്രഹാരയിലെ ബാംഗ്ലൂർ സെൻട്രൽ ജയിലിലാണ്. മെഹ്രാജ് ഖാനും കൂട്ടാളികളായ സയ്യിദ് മാസും , അഫ്ഗാനും ചേർന്ന് എതിരാളി സംഘത്തിനെതിരെ മാരകമായ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് .
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കുമ്പോഴും വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം വഴി മെഹ്രാജ് ഖാൻ തന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം . എതിരാളികളായ ഗുണ്ടാസംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ആയുധങ്ങൾ വാങ്ങാനും ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താനും മെഹ്രാജ് ഖാൻ കൂട്ടാളികൾക്ക് നിർദ്ദേശം നൽകിയിരുന്നതായും പോലീസ് പറഞ്ഞു.

