ന്യൂഡൽഹി : സത്യ നികേതനിലെ അഞ്ച് നില കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണം ആറായി. 12 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെടുത്തി . സ്ഥലത്ത് തിരച്ചിൽ, ഇപ്പോഴും തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനുമായി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് രാവിലെ നേരിട്ട് സംഭവസ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“കെട്ടിട ഉടമയുടെ അശ്രദ്ധ മൂലമാണ് ഈ സംഭവം നടന്നത്. വളരെ പഴയ കെട്ടിടമായിരുന്നു . ബേസ്മെന്റിൽ വെള്ളം നിറഞ്ഞതിനാൽ തൂണുകൾ തകർന്ന നിലയിലായിരുന്നു . കെട്ടിടവുമായി ബന്ധപ്പെട്ട് ടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടമയ്ക്കെതിരെ നിയമനടപടികൾ ആരംഭിക്കുമെന്നും “ രേഖ ഗുപ്ത പറഞ്ഞു. കൂടാതെ, സമീപത്തുള്ള മറ്റ് അപകടകരമായ കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചുമാറ്റും. പ്രത്യേകിച്ചും, തൊട്ടുപിന്നിലുള്ള കെട്ടിടം സർക്കാർ നിലവിൽ ഒഴിപ്പിച്ചു കഴിഞ്ഞു , അത് ഉടനടി പൊളിച്ചുമാറ്റും.
‘ പൊതു ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഏതൊരു കെട്ടിടവും അത് പിജി, നഴ്സിംഗ് ഹോം, സ്കൂൾ അല്ലെങ്കിൽ മറ്റേതെങ്കിലും കെട്ടിടങ്ങളായാലും ആനുകാലികമായി ഓഡിറ്റിനും സുരക്ഷാ സർട്ടിഫിക്കേഷനും വിധേയമാക്കണമെന്ന് മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സർക്കാർ ഒരു നയം രൂപപ്പെടുത്തുകയാണ് . അല്ലാത്തപക്ഷം, ഇവിടെ ഒരു പൊതു പ്രവർത്തനവും അനുവദിക്കില്ല.
സുരക്ഷിതമല്ലാത്ത പിജിയിൽ ആരെയും താമസിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവർക്ക് കോളേജ് ഹോസ്റ്റലിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് . അവരുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റുന്നുണ്ട്. ഈ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി ഞങ്ങൾ ബന്ധപ്പെടുകയും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ട് . അശ്രദ്ധ കാണിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരെയും വെറുതെ വിടില്ല” രേഖ ഗുപ്ത പറഞ്ഞു.

