തിരുവനന്തപുരം: വർഗീയ നിലപാട് സ്വീകരിക്കുന്ന ആരെയും സിപിഎം എതിർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . വർഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ കുറിച്ച് പരാമർശിക്കുകയായിരുന്നു എം വി ഗോവിന്ദൻ. വർഗീയത എന്താണെന്നും മതേതരത്വം എന്താണെന്നും സിപിഎമ്മിന് വ്യക്തമായ ധാരണയുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് വർഗീയതയ്ക്കെതിരെ ഏറ്റവും ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. പാർട്ടിയുടെ ഭാഗത്ത് നിന്ന് വർഗീയ പരാമർശങ്ങൾ ഉണ്ടാകില്ല. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, അവസരം ലഭിക്കുമ്പോൾ വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കുന്നു. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു മടിയുമില്ല. സിപിഎമ്മിനെ മനഃപൂർവം ആക്രമിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പാർട്ടിക്കെതിരെ പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയണം.
വർഗീയത ആരെങ്കിലും എത്ര നന്നായി അവതരിപ്പിച്ചാലും പാർട്ടിക്ക് അതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും പാർട്ടി ഈ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന് തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു.
‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന് ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്.

