കൊച്ചി: ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ കോൺഫിഡന്റ് ഗ്രൂപ്പ് സന്നദ്ധമാണെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി എ ജോസഫ് . കേരളത്തിൽ നിലവിൽ ഏറ്റെടുക്കുന്ന എല്ലാ പദ്ധതികൾക്കും കമ്പനി മാത്രമാണ് ഉത്തരവാദിയെന്നും ജോസഫ് പറഞ്ഞു. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ, സോഷ്യൽ മീഡിയയിൽ നിലവിൽ വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും , ഇതെ പറ്റി നിക്ഷേപകർ അറിഞ്ഞിരിക്കണമെന്നും ജോസഫ് പറഞ്ഞു.
“ചെയർമാൻ സി.ജെ. റോയിയുടെ മരണം കേരളത്തിലോ ബെംഗളൂരുവിലോ ഉള്ള ഒരു പദ്ധതിയെയും ബാധിക്കില്ല. ഈ കമ്പനിക്ക് ഒരു രൂപ പോലും കടമില്ല. മോഹൻലാലുമായുള്ള ബന്ധം സിനിമാ വ്യവസായത്തിൽ മാത്രം ഒതുങ്ങുന്നു. ആന്റണി പെരുമ്പാവൂർ അടുത്ത സുഹൃത്തും കൂടിയാണ്. കമ്പനിക്ക് സിനിമാ മേഖലയിൽ നിന്ന് ഒരു നിക്ഷേപകനും ഇല്ല. സിനിമാ മേഖലയിലെ പലരിൽ നിന്നും കമ്പനിക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
എസ്ഐടി അന്വേഷണത്തിൽ ഞങ്ങൾ വളരെ സംതൃപ്തരാണ്. ചില യൂട്യൂബർമാർ കമ്പനിയെ മോശമായി ചിത്രീകരിക്കുന്നു. ഒരാളുടെ മരണശേഷവും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് മ്ലേച്ഛമായ പ്രവൃത്തിയാണ്. കോൺഫിഡന്റ് ഗ്രൂപ്പ് സിനിമാ നിർമ്മാതാക്കളിൽ നിന്നും റിയൽ എസ്റ്റേറ്റ് ഏജന്റുമാരിൽ നിന്നും പണം വാങ്ങി വിദേശത്ത് നിക്ഷേപിച്ചുവെന്ന ആരോപണങ്ങൾ തെറ്റാണ്. വർഷങ്ങളായി കമ്പനിയിൽ വിശ്വാസം അർപ്പിച്ച മലയാളികൾക്ക് യാഥാർത്ഥ്യം എളുപ്പത്തിൽ മനസ്സിലാകും. പല സൈറ്റുകളിലും ജോലി പുനരാരംഭിച്ചു. ചെയർമാൻ റോയിയുടെ മരണം കമ്പനിയുടെ പദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ല. “ എന്നും ജോസഫ് പറഞ്ഞു.
മോഹൻലാലിന് കമ്പനിയിൽ നിക്ഷേപം ഉണ്ടോയെന്ന ചോദ്യത്തിന് പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞും കൂടി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘ മോഹൻലാലിനും, ആന്റണിയ്ക്കും റോയിയുമായുള്ള ബന്ധം കാസിനോവ എന്ന സിനിമ വഴിയാണ് . നമ്മുടെ കുടുംബസുഹൃത്തുക്കളാണ്. അല്ലാതെ അവരാരും പണം നിക്ഷേപിച്ചിട്ടില്ല . ആന്റണിയുടെ ചിത്രം ഇറങ്ങുമ്പോൾ അതിലെല്ലാം ബാനറില്‍ കാര്‍ഡ് ഇടുന്നുണ്ട്. ഡോ. റോയ് എന്നൊക്കെ പറഞ്ഞുള്ള കാര്‍ഡുകളാണ് അവ. ഇതെല്ലാം സൗഹൃദത്തിന്റെ പുറത്ത് പണം വാങ്ങാതെ ചെയ്യുന്നതാണ്. “ എന്നും ജോസഫ് പറഞ്ഞു.

