മലപ്പുറം: മലപ്പുറത്ത് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശിയായ ഹാരിസ് ടി.എ ആണ് അറസ്റ്റിലായത്. സ്ഫോടകവസ്തുക്കൾ കടത്തിയ കേസിൽ ഗൂഢാലോചനക്കാരിൽ പ്രധാനിയാണ് ഹാരിസെന്ന് എൻ ഐ എ അറിയിച്ചു. ശനിയാഴ്ച മഞ്ചേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
അനധികൃതമായി സ്ഫോടകവസ്തുക്കൾ സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഹാരിസിന് പ്രധാന പങ്കുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തി. ഫെബ്രുവരി 7 ന് ചെമ്മാട്-തലപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിയുടെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് വലിയ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തത് . 89,600 ഡിറ്റണേറ്റർ സ്റ്റിക്കുകളും 10,500 നോൺ-ഇലക്ട്രിക് ഷോക്ക് ട്യൂബുകളും കണ്ടെടുത്തു. സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറിയും അന്വേഷണ സംഘം പിടിച്ചെടുത്തു.
ലോറിയിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ വിപുലമായ റെയ്ഡുകൾ നടത്തി. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ആ അറസ്റ്റുകൾക്ക് ശേഷം ഇന്ന് ഹാരിസിനെയും അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സ്ഫോടകവസ്തുക്കൾ അനധികൃതമായി കൊണ്ടുപോകാൻ പ്രതികൾ വ്യാജ കമ്പനികളുടെ പേരിലുള്ള രേഖകൾ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ എന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും അതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

