ബിദാർ : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ഷഹ്സാദ് ഭട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. ബിദാറിലെ ഭാൽകി താലൂക്കിലെ യാനകുര ഗ്രാമത്തിലെ വിശാൽ മൈത്രേയെയാണ് എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അടുത്തിടെ ചിക്കബല്ലാപ്പൂരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശാലും പിടിയിലായത്.പിടിയിലായ യുവാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുഎപിഎ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും, അവ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്നും എന്ന് ബീദർ എസ്പി പ്രദീപ് ഗുന്തി പറഞ്ഞു.
ബീദർ ജില്ലയിലെ ഭാൽക്കി താലൂക്കിലുള്ള ഖതകചിഞ്ചോളിയിലുള്ള ഏഴ് പേർക്കെതിരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. നിരോധിത ഭീകരവാദ സംഘടനകളിലെ അംഗങ്ങളുമായും അനധികൃത ആയുധക്കടത്തുകാരുമായും ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധം സ്ഥാപിച്ചും, അനധികൃത ആയുധങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും കടത്തുന്നതിനെക്കുറിച്ചും നിരന്തരം ആശയവിനിമയം നടത്തിയും ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

