തിരുവനന്തപുരം: പ്രശസ്ത മലയാള കവിയും സാഹിത്യ നിരൂപകനും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു . 92 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്ക്കാര ചടങ്ങുകൾ നാളെ ഉച്ചകഴിഞ്ഞ് 3:30 ന് തൈക്കാടുള്ള ശാന്തികവാടത്തിൽ നടക്കും.
1934 സെപ്റ്റംബർ 5 ന് ഹരിപ്പാട് ജനിച്ച നാരായണക്കുറുപ്പ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടി , ബി.എഡും സ്വന്തമാക്കി . 1956 ൽ അധ്യാപകനായി ഔദ്യോഗിക യാത്ര ആരംഭിച്ച അദ്ദേഹം 1957 ൽ സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസിൽ പ്രവേശിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ , കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എഡിറ്റർ, റിസർച്ച് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
വിശ്വവിജ്ഞാനകോശം, സർവ്വവിജ്ഞാനകോശം എന്നീ വിജ്ഞാനകോശ സ്ഥാപനങ്ങളുടെ ഗസ്റ്റ് എഡിറ്റർ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ചു. തപസ്യ കലാ സാഹിത്യ വേദിയുടെ പ്രസിഡന്റായി വർഷങ്ങളോളം പ്രവർത്തിച്ചു. 2022-ൽ, സാഹിത്യത്തിനുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു . അസ്ത്രമാല്യം, ഹംസധ്വനി, അപൂർണതയുടെ സൗന്ദര്യം, നാറാണത്തു കവിത, ഭൂപാളം , നിശാഗന്ധി, അമ്മത്തോറ്റം, സാമം സംഘർഷം, ശ്യാമസുന്ദരം എന്നിവയാണ് അദ്ദേത്തിന്റെ പ്രശസ്തമായ കവിതാസമാഹാരങ്ങൾ.
വിജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഡോ. വൃന്ദ ജയകുമാർ, കെ.എൻ.വിജു, വിവേക് നാരായണൻ തിരുവനന്തപുരം പേരൂർക്കട ഇന്ദിരാനഗറിലായിരുന്നു താമസം.

