ഇടുക്കി ; നെടുങ്കണ്ടത്ത് വയോധികയുടെയും, മകന്റെയും മരണത്തിന് കാരണക്കാരൻ എന്ന് സംശയിക്കുന്ന ഇളയ മകൻ സജി പൊലീസ് പിടിയിൽ . വീടിന് സമീപത്ത് നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത് . ഇന്നലെയാണ് നെടുങ്കണ്ടത്ത് കുഴിച്ചിട്ട നിലയിൽ പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. മൃതദേഹങ്ങൾ ഒരേകുഴിയിൽ ആയിരുന്നു. വേഗം ജീർണിക്കുന്നതിനും ദുർഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയിൽ കുമ്മായം വിതറിയിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയും ഇന്ന് നടത്തും. മൃതദേഹങ്ങൾക്ക് രണ്ടാഴ്ച പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. അവ പൂർണ്ണമായും അഴുകിയ നിലയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസിൽ അറിയിച്ചു.
മേരിക്കുട്ടിയുടെ ഭർത്താവ് പാസ്റ്റർ മാത്യുവിനെ 2018 മെയ് 9 മുതൽ കാണാതായിരുന്നു. രോഗബാധിതയായ മേരിക്കുട്ടി മൂന്ന് വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു. മേരിക്കുട്ടി മക്കളായ റെജി, സജി എന്നിവർക്കൊപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്. അവിവാഹിതരായ രണ്ട് സഹോദരന്മാർ മദ്യപിച്ച ശേഷം വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
മേരിക്കുട്ടിയുടെ രണ്ട് പെൺമക്കളെ അമ്മയെ കാണാൻ പോലും അവർ അനുവദിച്ചില്ല. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി ഷാജന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങൾ കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

