തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ആരംഭിച്ച ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ചിട്ട് ഒരു മാസം പൂർത്തിയാകുന്നു . പദ്ധതി വൻതോതിൽ സ്വീകാര്യത നേടിയെങ്കിലും കെ എസ് ആർ ടി സിയ്ക്ക് സാമ്പത്തികമായി നഷ്ടമാണെന്നാണ് വിലയിരുത്തൽ. ആദ്യ മാസത്തിനുള്ളിൽ തന്നെ ഏകദേശം 3 കോടി സ്ത്രീകൾ സൗജന്യ സേവനം പ്രയോജനപ്പെടുത്തി .
സർവീസിനായി വിന്യസിച്ചിരിക്കുന്ന 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലായി ശരാശരി 11 മുതൽ 12 ലക്ഷം വരെ സ്ത്രീ യാത്രക്കാർ ദിവസേന സൗജന്യ യാത്ര നടത്തുന്നുണ്ട് . പദ്ധതി ആരംഭിച്ചതിനുശേഷം സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായി കെഎസ്ആർടിസിയുടെ ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നു.
എന്നാൽ സർക്കാർ സഹായം വൈകുന്നത് കെ എസ് ആർ ടി സിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് . ഫണ്ടുകൾ സർക്കാർ പാസ്സാക്കുന്നതിലെ കാലതാമസമാണ് പ്രധാനമായും പണക്ഷാമത്തിന് കാരണം. ട്രാൻസ്പോർട്ട് കോർപ്പറേഷന് സർക്കാരിൽ നിന്ന് 100 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിൽ പകുതിയും മുമ്പ് ബജറ്റിൽ അനുവദിച്ച് തുകയാണ്.
സൗജന്യ യാത്രാ പദ്ധതി പ്രകാരം ദിവസേനയുള്ള വരുമാന നഷ്ടം 3.5 കോടിയാണ് . പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുക്കാനുള്ള കാര്യങ്ങളും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട് . സ്വകാര്യ ബസ് മേഖലയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് . മുൻപ് ജീവനക്കാർക്ക് കൃത്യമായി വേതനം ലഭിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് സ്വകാര്യ ബസ് സർവീസുകൾ കളക്ഷൻ അധിഷ്ഠിത സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ചില ബസുകൾ സർവീസുകൾ നിർത്തി വച്ചു. പലരും മറ്റ് തൊഴിലുകൾ തേടിയിറങ്ങി കഴിഞ്ഞു.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ പകുതിയോളം പേരെ പ്രിയദർശിനി പദ്ധതി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബദൽ വരുമാനം ഉണ്ടാക്കുന്നതിനായി സ്വകാര്യ ഓപ്പറേറ്റർമാർക്ക് വാഹനങ്ങൾക്കുള്ളിലും പുറത്തും പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും, പരസ്യ വരുമാനം നഷ്ടം നികത്താൻ പര്യാപ്തമല്ലെന്ന് ഉടമകൾ പറയുന്നു .

