പത്തനംതിട്ട : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ വാഹനത്തിന് പിഴ ചുമത്തിയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ലൈജുവിനെതിരെയാണ് നടപടി. പിഴ സംബന്ധിച്ച് ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ജീപ്പിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നും, നിയമവിരുദ്ധ ലൈറ്റുകൾ ഉപയോഗിച്ചെന്നും കാട്ടിയാണ് വാഹനത്തിന് 7000 രൂപ പിഴ ചുമത്തിയത് . എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് തുക സമാഹരിച്ച് പിഴ അടച്ചത്.വാഹനത്തിന്റെ ഉടമ മെഴുവേലി സ്വദേശിയാണ്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സഹായിക്കുന്നതിനാണ് ഓഫ്-റോഡ് വാഹനം ആറന്മുളയിൽ കൊണ്ടുവന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
എന്നാൽ, ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടെയല്ല, അടൂരിലാണ് പിഴ ചുമത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിഴ ചുമത്തിയ വാർത്ത പുറത്തുവന്നതോടെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ട് വാഹന ഉടമയുമായി ഫോണിൽ സംസാരിച്ചു.
വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഉപയോഗിച്ച വാഹനമാണിത്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ, വാഹനത്തിന് മെക്കാനിക്കൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വാഹനം അടൂരിലേക്ക് മാറ്റിയിരുന്നു . തുടർന്നാന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ ഫോട്ടോ എടുത്ത് പിഴ ചുമത്തിയത് . വാഹനത്തിൽ ഘടിപ്പിച്ച രണ്ട് ലൈറ്റുകൾ അപകടകരമാണെന്നും സാധുവായ മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.

