ന്യൂഡൽഹി: പുതുതായി എൻ ഡിഎയിൽ ചേർന്ന എംപിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ന് രാവിലെയാണ് മോദി അവരുമായി ചർച്ച നടത്തിയത് . പാർലമെന്ററി ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും അവരോട് അഭ്യർത്ഥിച്ചു.
പാർലമെന്റിനെ ജനാധിപത്യത്തിന്റെ പരമോന്നത ക്ഷേത്രമായി വിശേഷിപ്പിച്ച മോദി, സമീപകാലത്ത് സഭ തടസപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു . ഈ ബഹളം പുതിയ എംപിമാർക്ക് സഭയിൽ സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അവരോട് ചെയ്യുന്ന അന്യായമാണ്. പാർലമെന്റ് നടപടികൾ സുഗമമായി നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ ചരിത്രം വായിക്കാനും പഠിക്കാനും മനസ്സിലാക്കാനും പ്രധാനമന്ത്രി മോദി എംപിമാരോട് ആഹ്വാനം ചെയ്തു. പാർലമെന്റിൽ ചരിത്രപരമായ വസ്തുക്കളുടെ ഒരു വലിയ ശേഖരം ഉണ്ടെന്നും, സഭാ ചർച്ചകൾക്ക് തയ്യാറെടുക്കാൻ അവർ അത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതത് സംസ്ഥാനങ്ങളുടെ വികസനത്തിനും വേണ്ടി എം പിമാർ പ്രവർത്തിക്കണം.
സംസ്ഥാനങ്ങൾ പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂ. ശിവസേനയിൽ നിന്ന് ഏഴ് പേരും നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) യിൽ നിന്ന് 20 പേരും എൻസിപി (അജിത് പവാർ വിഭാഗം) യിൽ നിന്ന് രണ്ട് പേരും ഉൾപ്പെടെ ഏകദേശം 45 എംപിമാർ യോഗത്തിൽ പങ്കെടുത്തു.
തൃണമൂൽ കോൺഗ്രസ് വിമതർക്കും അടുത്തിടെ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്ന ആറ് ശിവസേന (ഉദ്ധവ് വിഭാഗം) എംപിമാർക്കും താൻ അവരോടൊപ്പമുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും മോദി ഉറപ്പ് നൽകി.
“എൻഡിഎ ഒരു കുടുംബമാണ്. ഞങ്ങൾ എല്ലാ ഘടകകക്ഷികളോടും ഒപ്പം നിൽക്കുന്നു. എല്ലാവർക്കും ബഹുമാനം നൽകുകയും അവസരം നൽകുകയും ചെയ്യും. എൻഡിഎയിലെ ഏതെങ്കിലും ഒരു ഘടകകക്ഷിക്കൊപ്പമല്ല, എല്ലാ എംപിമാരോടും ഒപ്പം ഞാൻ നിലകൊള്ളുന്നു. എൻഡിഎയിലെ ഓരോ എംപിമാരോടുമൊപ്പം ഞാൻ നിലകൊള്ളുന്നു. നിങ്ങൾ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല” അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അധികാരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി അവരോട് അഭ്യർത്ഥിച്ചു. ഏതൊരു വികസന പ്രവർത്തനത്തിനും പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും, പാവപ്പെട്ട തൊഴിലാളികളും കർഷകരും ഉൾപ്പെടെ എല്ലാവരുമായും കൂടിക്കാഴ്ച നടത്താനും, എല്ലാവരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. യോഗത്തിനൊടുവിൽ, പ്രധാനമന്ത്രി ഓരോ എംപിയുമായും വ്യക്തിഗതമായി സംസാരിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു.
മൺസൂൺ സമ്മേളനത്തിൽ എംപിമാരുമായുള്ള ആശയവിനിമയ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക വസതിയിൽ 37 ബിജെപി എംപിമാർക്ക് അത്താഴവിരുന്ന് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച. ഭരണത്തെയും പാർലമെന്ററി കാര്യങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറുന്നതിനും പാർട്ടിക്കുള്ളിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമാണ് അനൗപചാരിക സമ്മേളനം സംഘടിപ്പിച്ചത്.

