തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണ്ണമായും പിൻ വാങ്ങിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കേരളത്തിൽ പകലിലെ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരും. ഈ മാസം അവസാനവും, അടുത്ത മാസം ആദ്യവും ചെറിയ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച്ചയോടെ മഴയുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത് . വ്യാഴാഴ്ച പത്തനം തിട്ട , ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.