കണ്ണൂർ: പിണറായിയിലെ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായത് എസ്ഡിപിഐ പ്രവർത്തകർ . 40 കാരിയായ റസീനയെ ജൂൺ 17 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് റഫ്നാസ്, മുബഷീർ, ഫൈസൽ എന്നിവരാണ് പിടിയിലായത്.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. റസീനയുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ അറസ്റ്റിലായ പ്രതികളെ കുറിച്ച് പരാമർശവുമുണ്ട് . തുടർന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം, ഉച്ചകഴിഞ്ഞ് 3 മണിയോടെ, കായലോട് അച്ചങ്കര പള്ളിക്ക് സമീപം റസീന തന്റെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ഇവരെ ചോദ്യം ചെയ്തു. റസീനയെ വീട്ടിലേക്ക് അയച്ച ശേഷം, സുഹൃത്തിനെ അവർ ആക്രമിച്ചു, അടുത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി. യുവാവിനെ അഞ്ച് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് രാത്രി 8:30 ന് എസ്ഡിപിഐ ഓഫീസിലേക്ക് കൊണ്ടുപോയി.
റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിപ്പിച്ചു. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. പ്രതികളിൽ നിന്ന് യുവാവിന്റെ മൊബൈൽ ഫോണും ടാബും പോലീസ് കണ്ടെടുത്തു. ആൾക്കൂട്ട വിചാരണയിൽ വിഷാദത്തിലായതിനെ തുടർന്നാണ് റസീന ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത് . സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു .

